കുന്നംകുളം: പകലും രാത്രിയും തുടർച്ചയായി പ്രവർത്തിക്കുന്ന കൂറ്റൻ ജനറേറ്റർ കുന്നംകുളം-തൃശ്ശൂർ സംസ്ഥാന പാതയിൽ സ്കൂളിന് സമീപം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്നു. പ്രദേശവാസികളുടെയും ആരോഗ്യവും സുരക്ഷയും ഒരുപോലെ ഭീഷണിയിലാക്കുന്ന ഈ അനധികൃത പ്രവർത്തനത്തിനെതിരെ കുന്നംകുളം നഗരസഭ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു.
ആഴ്ചകളായി യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിച്ചുവരുന്ന ഈ ജനറേറ്റർ മൂലം വൻ ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവുമാണ് പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
അപകടകരമായ രീതിയിൽ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന ഈ ജനറേറ്ററിന് ആര് അനുമതി നൽകി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിയമവിരുദ്ധമായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്നവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, ജനവാസ മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്ന ഈ സംവിധാനം ഇവിടെ നിന്നും ഉടൻ നീക്കം ചെയ്യണമെന്നും നാട്ടുകാരും വ്യാപാരികളും ശക്തമായി ആവശ്യപ്പെടുന്നു. അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
