കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ് ഹനീഷിനെതിരെ വീണ്ടും ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ മുഹമ്മദ് ഹനീഷിനോട് ഇന്ന് നേരിട്ട് ഹാജരാകാണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഹനീഷ് എത്തിയില്ല. ബഡ്ജറ്റിന്റെ തിരക്കിലാണ് എന്നായിരുന്നു കോടതിയിൽ ഹനീഷ് അറിയിച്ചത്.
പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ അനുമതിയിൽ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ധീൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഹാജരാകണം. ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരും. ജൂലൈ ഒമ്പതിനുള്ളിൽ പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് നിർദേശം നൽകി. ഇനി സമയം അനുവദിക്കാനാവില്ല. പ്രോസിക്യൂഷൻ അനുമതി നൽകയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നുമാണ് ഹൈക്കോടതി മുന്നറിയിപ്പ്. അറസ്റ്റ് അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെയും കേസിൽ കക്ഷിച്ചേർത്തു.