കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറയിൽ അദാനി ഗ്യാസ് പൈപ്പ് ലൈനിൽ നിന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് പ്രദേശത്തുണ്ടായ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കാൻ കമ്പനി അധികൃതർ തയ്യാറാകണമെന്ന് യോഗത്തിൽ ചെയർപേഴ്‌സൺ സൌമ്യ അനിലന്‍, കർശന നിർദേശം നൽകി.
അപകടത്തിൽ പരിക്കേറ്റ കുടുംബത്തിന് അടിയന്തര നഷ്ട പരിഹാരം നൽകാൻ കമ്പനി തയ്യാറാകണമെന്നും ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കണമെന്നും നഗരസഭാ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കൂടുതൽ ചർച്ചകൾക്കും തുടർനടപടികൾ ക്കുമായി അടുത്ത ദിവസം തന്നെ അദാനി ഗ്യാസ് ഉദ്യോഗസ്ഥരുടെ വിപുലമായ മറ്റൊരു യോഗം കൂടി വിളിച്ചുചേർക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, മിനി മോന്‍സി, മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ , ആർഷ ജിജു ,ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍മാരായ വി. അരൂണ്‍, നിഷാല്‍, എസ്. അനുരാജ്, ആനന്ദ് ഗോവിന്ദ് രാജ് എന്നിവര്‍ പങ്കെടുത്തു.
