ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലെ യു. പ്രതിഭയ്ക്കു നേരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അധികാരത്തിന്റെ തണലിൽ ഇത്തരം പ്രതിസ്ഥാനങ്ങളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അവസരം കിട്ടിയപ്പോൾ വോട്ടർമാർ കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം വിമർശിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി തന്റെ പ്രതിഷേധം അറിയിച്ചു. മുസ്ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.