ദില്ലി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരുമെന്നാണ് റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദ്ദേശങ്ങൾ ഏറ്റെടുക്കും. ഭാഗിക ലോക്ക്ഡൗൺ ഒന്നും തത്ക്കാലം പരിഗണനയിൽ ഇല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
Add Asianetnews as a Preferred Source
googlePreferred
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. മെട്രോ യാത്രയും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണമെന്നും ഒരു വർഷത്തേയ്ക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം, ഭക്ഷ്യ എണ്ണ ഉപയോഗം 10% കുറയ്ക്കണം, മെട്രോ ഉള്ള നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കണം, ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണം തുടങ്ങി കർശന നിയന്ത്രണത്തിനാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുന്നതും രാജ്യസ്നേഹമാണെന്ന് പറഞ്ഞ മോദി നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും ഹൈദരാബാദിലെ റാലിയിൽ പറഞ്ഞു. ഇതാദ്യമായാണ് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ടെന്ന സന്ദേശം മോദി നൽകുന്നത്.