ഡോക്ടർമാർക്ക് സുരക്ഷിതമായ ജോലി സാഹചര്യം ഉറപ്പാക്കണം: കെജിഎംസിടിഎ


ഡോക്ടർമാർക്ക് സുരക്ഷിതമായ ജോലി സാഹചര്യം ഉറപ്പാക്കണമെന്ന് പ്രസ്താവനയിലൂടെ അറിയിച്ച് കെജിഎംസിടിഎ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ചതിനെ കെജിഎംസിടിഎ ശക്തമായി അപലപിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെ ആക്രമിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രോഗങ്ങളുടെ സങ്കീർണ്ണതകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ ആക്രമിക്കുന്ന പ്രവണത വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും കെജിഎംസിടിഎ അറിയിച്ചു. ആക്രമികളെ അടിയന്തരമായി അറസ്റ്റ് ചെയ്യുകയും ശക്തമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

പെരിന്തൽമണ്ണയിൽ ഉണ്ടായത് പ്രസവാനന്തരമായി അപൂർവ്വമായി ഉണ്ടാകുന്ന ഗർഭപാത്രം ചുരുങ്ങാത്തതുമൂലമുള്ള അമിത രക്തസ്രാവമാണ്. രോഗിക്ക് നൽകാനാവുന്ന പരമാവധി ചികിത്സ നൽകിയിട്ടുണ്ട്. ഡോക്ടറും നഴ്‌സും അനുഗമിച്ചാണ് രോഗിയെ മറ്റൊരു ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചതും. എന്നാൽ, നൽകാനാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടും രോഗി മരണപ്പെട്ടു. പിന്നാലെയാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്.

പരമാവധി ചികിത്സ നൽകുന്ന സർക്കാർ മേഖലയിലെ ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന സംഭവമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ സംഘടന ആക്രമികളെ അടിയന്തരമായി അറസ്റ്റ് ചെയ്യുകയും ശക്തമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളും പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. സുരക്ഷയ്ക്കായ് പ്രത്യേക വിഭാഗത്തെ നിയോഗിക്കണമെന്നും കെജിഎംഒഎയോടും ഐഎംഎയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കെജിഎംസിടിഎ പ്രസ്താവനയിൽ അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال