പാമ്പുകടിയേറ്റ് ഉണ്ടായ വിഷബാധയെ തുടർന്ന് യുവതി മരണപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഡ്വ യു പ്രതിഭ എംഎൽഎ. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പാമ്പുകടിയേറ്റ കായംകുളം, ചേരാവള്ളി, തോപ്പിൽ വടക്കത്തിൽ സെലീന (42) കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സെലീനയെ (42) പരിശോധിക്കുന്നതിലും ,ശരിയായ ചികിത്സ നൽകുന്നതിലും, യഥാസമയം രക്ത പരിശോധന നടത്തുന്നതിലും, താലൂക്ക് ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആണ് വിഷയത്തിൻമേൽ വിശദമായ വകുപ്പുതല അന്വേഷണം നടത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്.
കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.