ഒരു വര്‍ഷം മുന്‍പ് കത്തിനശിച്ച സ്‌കൂട്ടറിന്‍റെ ഉടമക്ക് ട്രാഫിക്ക് നിയമ ലംഘനത്തിന് പിഴ


കോഴിക്കോട്: ഒരു വര്‍ഷം മുന്‍പ് കത്തിനശിച്ച സ്‌കൂട്ടറിന്‍റെ ഉടമക്ക് ട്രാഫിക്ക് നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി പരാതി. പിഴത്തുക ഒടുക്കാത്തത് സംബന്ധിച്ച കേസ് കോടതിയിലെത്തിയിരിക്കുകയാണെന്ന് പരാതിക്കാരി പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം പാലക്കോട്ടുവയലില്‍ താമസിക്കുന്ന ദീപയാണ് പരാതിക്കാരി. 2025 മെയ് 2ന് വൈകീട്ടാണ് വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ചത്. വാഹനം കത്തിയതുമായി ബന്ധപ്പെട്ട കേസ് ഉപഭോക്തൃ കോടതിയില്‍ നടക്കുന്നതിനിടയിലാണ് പിഴ അടയ്ക്കാത്തതിന്‍റെ കേസ് കോടതിയിലെത്തിയത്. സ്‌കൂട്ടര്‍ കത്തിനശിച്ചതിനെ തുടര്‍ന്ന് സര്‍വീസ് സെന്‍ററില്‍ നിന്ന് കമ്പനി പ്രതിനിധി സ്ഥലത്തെത്തി വാഹനം പരിശോധിക്കുകയും ഷോര്‍ട്‌ സര്‍ക്യൂട്ടായിരിക്കാം അപകട കാരണമായതെന്ന് സൂചിപ്പിച്ചതായും ദീപ പറയുന്നു. എന്നാല്‍ തീപിടിക്കാന്‍ കാരണം ബാഹ്യഘടകങ്ങളാണെന്ന് കാണിച്ച് സ്‌കൂട്ടര്‍ നിര്‍മിച്ച കമ്പിനി അധികൃതര്‍ സന്ദേശം അയച്ചു.

ഇതേ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദീപ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ കുന്നമംഗലം ഉപഭോക്തൃ കോടതിയില്‍ നടന്നുവരികയാണ്. എന്നാല്‍ 2025 ഒക്ടോബര്‍ 6ന്, സ്‌കൂട്ടറിന് പിറകിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നു കാണിച്ച് കൊയിലാണ്ടി ട്രാഫിക് യൂണിറ്റാണ് ദീപയ്ക്ക് പിഴ അടയ്ക്കാനുള്ള അറിയിപ്പ് നല്‍കിയത്. ട്രാഫിക് അധികൃതരെ കണ്ട് വാഹനം കത്തി നശിച്ച കാര്യം അറിയിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒരക്കം അബദ്ധവശാല്‍ മാറിപ്പോയതാണ് പിശകിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതായി ദീപ പറഞ്ഞു. ഇത് തിരുത്താമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിഴ അടച്ചില്ലെന്നു കാണിച്ചും കേസ് ഇപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിയ കാര്യം സംബന്ധിച്ചും അറിയിപ്പ് ലഭിച്ചപ്പോഴാണ് അധികൃതര്‍ പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്ന് ബോധ്യമായതെന്ന് പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال