വയനാട് ടൗണ്‍ഷിപ്പില്‍ താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല്‍ കൈമാറി


കൽപറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല്‍ കൈമാറി സർക്കാർ. 178 വീടുകളില്‍ എല്ലാ പരിശോധനയും പൂർത്തിയായ വീടുകളാണ് കൈമാറിയത്. എന്നാല്‍ 178 വീടുകളും പൂർത്തിയായ ശേഷമേ താമസം തുടങ്ങൂവെന്ന് താക്കോല്‍ കിട്ടിയ കുടുംബങ്ങള്‍ അറിയിച്ചു. ഘട്ടം ഘട്ടമായി ക്ലസ്റ്റർ അനുസരിച്ച് മുഴുവൻ വീടുകളും ഉടൻ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ച് ഒന്നിനാണ് 178 ഗുണഭോക്താക്കൾക്ക് സർക്കാർ വീടുകള്‍ കൈമാറിയത്. എന്നാല്‍ ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ വീടുകള്‍ താമസയോഗ്യമായിരുന്നില്ല. ഇത് ആദ്യമായാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറുന്നത്. മൂന്നാം സോണിലെ ഒരു ക്ലസ്റ്ററിലെ ഏഴ് വീടുകള്‍ ആണ് കൈമാറിയത്. എന്നാല്‍ 178 വീടുകളിലും ഒന്നിച്ച് മാത്രമേ താമസിക്കൂവെന്നാണ് ദുരന്തബാധിതരുടെ തീരുമാനം.

ഊരാളുങ്കലും കിഫ്കോണും നടത്തുന്ന മൂന്ന് ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി താക്കോല്‍ നല്‍കുന്നത്. 178 ല്‍ 56 വീടുകളില്‍ രണ്ട് ഘട്ട പരിശോധനയാണ് ഇതുവരെ പൂര്‍ത്തിയായത്. ആദ്യഘട്ടത്തിലെ 178 വീടുകളും മഴക്കാലത്തിന് മുൻപ് പരിശോധനകള്‍ നടത്തി കൈമാറാനാണ് ശ്രമം. ക്ലസ്റ്ററുകളായി വരും ദിവസങ്ങളിലും കൈമാറ്റം നടക്കുമെന്ന് ഊരാളുങ്കല്‍ അറിയിച്ചു
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال