‘തെറ്റിദ്ധരിപ്പിച്ചാണ് നിക്കാഹ് നടത്തിച്ചത്’ എന്ന് ഉസ്താദ്: കാസർഗോഡ് ശൈശവ വിവാഹത്തിൽ പുതിയ വെളിപ്പെടുത്തൽ


കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ മസ്ജിദിലെ ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്ന് മൊഴി. പടന്ന അഴിക്കാൽ ജുമാമസ്ജിദ് ഏപ്രിൽ 13ന് നടന്ന ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ബാലവിവാഹ നിരോധന ഓഫീസറോടും ചൈൽഡ് ലൈൻ അധികൃതരോടും ജുമാ മസ്ജിദ് ഇമാം റഹ്മത്തുള്ള താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന മൊഴിയാണ് നൽകിയത്. മസ്ജിദ് ഭാരവാഹികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നറിഞ്ഞിരുന്നെങ്കിൽ ചടങ്ങിന് കാർമികത്വം വഹിക്കില്ലായിരുന്നുവെന്നും റഹ്മത്തുള്ള പറഞ്ഞു.

ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ കോൺഗ്രസ് നേതാവ് പി കെ താജുദ്ദീന്റെ ഇടപെടലിനെ തുടർന്നാണ് പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ പരിശോധിക്കാതെ വിവാഹം നടത്തിയതെന്നാണ് വ്യക്തമാവുന്നത്. ബാല വിവാഹനിരോധന ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിർദ്ദേശപ്രകാരം പോലീസ് വരൻ,പെൺകുട്ടിയുടെ പിതാവ്, ജുമ മസ്ജിദ് സെക്രട്ടറി, ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തത്. 

കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജുമാമസ്ജിദിനെ വിവാഹ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചിട്ടുണ്ട്. സിസിടിവി ഹാർഡ് ഡിസ്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പെൺകുട്ടിയുടെ ഭർത്താവ് വിദേശത്താണെന്നാണ് വിവരം. പതിനാറുകാരിയെ 28 കാരന് വിവാഹം ചെയ്ത സംഭവത്തിൽ പ്രദേശത്ത് വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال