ടി20 ലോകകപ്പിലെ ഹീറോ മലയാളി താരം, മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു സ്വന്തം നാട്ടില്‍ വിമാനമിറങ്ങിയത്. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. നിങ്ങളെല്ലാവും വലിയ രീതിയില്‍ പിന്തുണച്ചുവെന്നും സഞ്ജു പറഞ്ഞു.
സഞ്ജുവിനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.സഞ്ജു എയർപോർട്ടിന് പുറത്ത് എത്തിയതോടെ ആരാധകരുടെ ആവേശവും അതിരുവിട്ടു. ചേട്ടാ,ചേട്ടാ വിളികളോടെയാണ് താരത്തെ ആരാധകർ സ്വീകരിച്ചത്.
വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു.സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്ന സഞ്ജു ട്വന്റി 20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു.
ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ച്വറിയുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായി സഞ്ജു മാറിയിരുന്നു.

