പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍ ;എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് റോഡ് ഷോയിൽ പങ്കെടുക്കും.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11.30 നാണ് മോദി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത്.

എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നായി അര ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങില്‍ ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് തുടങ്ങി എന്‍ഡിഎയിലെ പന്ത്രണ്ടോളം പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും.

തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടുകളും നീക്കങ്ങളുമായി ബന്ധപ്പെട്ടു നിര്‍ണായക പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി ചടങ്ങില്‍ നടത്തിയേക്കും. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നേവല്‍ ബേസില്‍ എത്തി റോഡ് മാര്‍ഗം കൊച്ചി മറൈന്‍ ഡ്രൈവിലെത്തും. 

മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 ന് കലൂര്‍ സ്റ്റേഡിയം കവാടത്തില്‍ നിന്നും മോദിയുടെ റോഡ് ഷോ നടക്കും.തുടര്‍ന്ന് 12.30 ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതില്‍ റെയില്‍വേയുടെ അടക്കം പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 

അതിനുശേഷം, ഒരു മണിയോടെ കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال