കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. എൻഎച്ച്-66യുടെ രണ്ട് റീച്ചുകളുടെ ഉദ്ഘാടനം ഉൾപ്പെടുന്ന കൊച്ചിയിലെ ചടങ്ങിലേക്കുള്ള ക്ഷണപ്പട്ടികയിൽ മന്ത്രിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധമായി പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർക്കും എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും ക്ഷണമുണ്ട്.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചടങ്ങിൽ പങ്കെടുക്കും.
അതേസമയം, ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇതുവരെ ഏതെങ്കിലും ദേശീയപാതാ ഉദ്ഘാടനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്നും, ഏത് മുന്നണിയിലെ മന്ത്രിയായാലും അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പദ്ധതിയിലെ 23 റീച്ചുകളിൽ ആദ്യം പൂർത്തിയായ തലപ്പാടി–ചെങ്കള റീച്ചാണ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുക. വെങ്ങളം–രാമനാട്ടുകര റീച്ചും ഇതിൽ ഉൾപ്പെടും. വെങ്ങളം മുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസിന്റെയും പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമ്മിച്ച 23 ഗ്രാമീണ റോഡുകളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
