ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന് വാക്കാല്‍ പരാമര്‍ശിച്ച് സുപ്രീംകോടതി. 1937 ലെ ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്ന് ഈ പരാമർശം ഉണ്ടായിരിക്കുന്നത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പാർലമെന്റ് പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. മുസ്ലിം സ്ത്രീകൾക്ക് വിവേചനം സൃഷ്ടിക്കുന്ന ശരീഅത്ത് നിയമത്തിന്റെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയായിരുന്നു സുപ്രീം കോടതിയുടെ പരിഗണനക്കായി വന്നത്.

ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ജസ്റ്റീസുമാരായ ജോയ്മാല ബാക്സിയ, ആർ. മഹാദേവൻ എന്നിവർ അടങ്ങുന്ന ബെഞ്ച് ഏകീകൃത സിവിൽ നിയമമാണ് ഇത്തരം വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം എന്ന തരത്തിലുള്ള പരാമർശം നടത്തിയത്.
