സഞ്ജുവിനെ പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്


ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചതിൽ മലയാളി താരം സഞ്ജു സാംസണിന്റെ പങ്ക് സമാനതകളില്ലാത്തതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാൻ മഹാരാഷ്ട്ര നിയമസഭ പാസാക്കിയ പ്രമേയത്തിന്മേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിന്റെ അസാമാന്യ പ്രകടനത്തെ മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ ഈ ചരിത്രവിജയത്തിൽ ഒരാളെക്കുറിച്ച് പ്രത്യേകം പറയാതിരിക്കാനാവില്ല, അത് സഞ്ജു സാംസൺ ആണ്, ഫഡ്‌നാവിസ് വാചാലനായി. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ലെങ്കിലും, അവസരം ലഭിച്ചപ്പോൾ സഞ്ജു ടൂർണമെന്റിനെ തന്നെ കീഴടക്കിയെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരെ സഞ്ജു കളിച്ച ഇന്നിംഗ്‌സുകൾ അവിശ്വസനീയമാണെന്നും ഫൈനലിൽ ഒരു ചാമ്പ്യനെപ്പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


സഞ്ജുവിനെ കൂടാതെ സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവരെയും മുഖ്യമന്ത്രി പ്രശംസിച്ചു. ഫൈനലിന് തൊട്ടുമുൻപ് കുടുംബത്തിൽ വിയോഗമുണ്ടായിട്ടും ടീമിനായി പൊരുതിയ ഇഷാൻ കിഷന്റെ മാനസികക്കരുത്തിനെയും അദ്ദേഹം എടുത്തുപറഞ്ഞു. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് സഭ പ്രമേയം പാസാക്കി. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ രണ്ടാമനായും ഇന്ത്യയുടെ ടോപ്പ് സ്‌കോററായും സഞ്ജു തിളങ്ങി. 

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ സെമിയിലെത്തിച്ചു. ഇംഗ്ലണ്ടിനെതിരെ 89 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ന്യൂസിലൻഡിനെതിരെയും 89 റൺസ് അടിച്ചുകൂട്ടി ടോപ്പ് സ്‌കോററായ സഞ്ജു, ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال