തിരുവനന്തപുരം: കെ. ബി. ഗണേഷ് കുമാർ നേരിട്ട് ഫോൺ ചെയ്ത് ക്ഷമാപണം നടത്തിയതായി ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. ഇന്ന് രാവിലെ മന്ത്രി വിളിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.കഴിഞ്ഞ 13 വർഷമായി ഒരുമിച്ചാണ് താമസം. ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതുകൊണ്ട് ബന്ധം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. “മനുഷ്യർക്കെല്ലാം തെറ്റുകൾ സംഭവിക്കാം. അദ്ദേഹം മന്ത്രിയായതിനാലാണ് ഈ സംഭവം ലോകം മുഴുവൻ അറിയപ്പെട്ടത്,” എന്നാണ് ബിന്ദു മേനോൻ പറയുന്നത്.
ഈ വിഷയത്തിൽ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. “ഞാനാണ് അദ്ദേഹത്തോടൊപ്പം ജീവിക്കുന്നത്. അതിനാൽ എന്നോട് ക്ഷമ ചോദിച്ചാൽ മതിയാകും,” എന്നാണ് ബിന്ദു മേനോൻ പ്രതികരിച്ചത്.
സംഭവത്തെ അടിസ്ഥാനമാക്കി പ്രതികാര മനോഭാവത്തോടെ മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. താൽപര്യമുണ്ടായിരുന്നെങ്കിൽ പല തവണയും പരാതി നൽകാമായിരുന്നുവെങ്കിലും, ഭർത്താവിനോടുള്ള സ്നേഹമാണ് എല്ലാം വിട്ട് അദ്ദേഹത്തോടൊപ്പം തിരികെ വരാൻ കാരണമായതെന്ന് ബിന്ദു മേനോൻ പറഞ്ഞു.

അതുകൊണ്ടുതന്നെ പരാതി നൽകാതെ, മന്ത്രി ഗണേഷ് കുമാർ ക്ഷമ ചോദിക്കുന്ന ഫോൺകോളിനായി കാത്തിരുന്നതായും അവർ കൂട്ടിച്ചേർത്തു. പ്രശ്നം അവസാനിപ്പിക്കാൻ ആരുടെയും സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നും ഇനി ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങൾ വേണ്ടെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വിവാദങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ തങ്ങൾക്ക് താൽപര്യമില്ലെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു.
