തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇടഞ്ഞ് സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും. നഗരത്തിലെ ചിലയിടങ്ങളിൽ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും ചൂണ്ടിക്കാട്ടി ഇക്കാര്യം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി ആർഡിഒയെ ചുമതലപ്പെടുത്തി. കോർപറേഷനാണ് ശുചീകരണ ചുമതല.
ജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിനു ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നു മന്ത്രി വി. ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോയെന്ന് നേരിട്ടു പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തി.
എവിടെയെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.