മാന്നാർ: കൊടുംക്രിമിനലായ സബീറിനെ അന്വേഷിച്ച് പോലീസ് വലഞ്ഞു. ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും കുറ്റിക്കാടുകളിലും ഒഴിഞ്ഞ വീടുകളിലുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസിനൊപ്പം ഇയാളെ തപ്പി നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു.
വീടിനു സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കായുള്ള തെരച്ചിൽ 15 ദിവസമായി പോലീസ് ഊർജിതമായി നടത്തിവരികയാണ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്നും അടുത്തിടെ പുറത്തിറങ്ങു കയും ചെയ്ത പരുമല കോട്ടക്കമാലി സബീർ (44) ആണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് ഒന്നിനാണ് വീടിനടുത്തുള്ള കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തി എത്തിയ ഇയാൾ തോർത്ത് കൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ടത്. ഇവരെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽനിന്നു തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്.
കൃത്യത്തിനുശേഷം ഇയാൾ ആറ്റിലൂടെ തന്നെ നീന്തി രക്ഷപെടുകയും ചെയ്തു. ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കേരള പോലീസിന്റെ ക്വിക്ക് റെസ്പോൺസ് ടീം ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടുന്നതിനായി കൂടുതൽ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
ഡ്രോൺ ഉപയോഗിച്ചും നദിയിലൂടെ ബോട്ടിലും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് നടത്തി. ആൾപ്പാർപ്പില്ലാത്ത പഴയ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും മറ്റും നിരവധി തവണ അന്വേഷണത്തിനിറങ്ങി. രാത്രി സമയങ്ങളിൽ പോലീസിനൊപ്പം നാട്ടുകാരും പ്രതിയെ കണ്ടെത്താനായി എല്ലായിടങ്ങളിലും അരിച്ചുപെറുക്കിയുള്ള അന്വേഷണം നടത്തി.
15 ദിവസമായി നടത്തിയ അന്വേഷണത്തിലും സ ബീറിനെ കണ്ടെത്താൻ കഴിയാഞ്ഞത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്.ഇയാൾ പ്രായമായ സ്ത്രീകളെ ഉപദ്രവിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ രണ്ടു കേസുകൾ നിലവിലുണ്ട്.