പുനലൂരിൽ ലീഗ് സ്ഥാനാർത്ഥിയുടെ ചുവരെഴുത്ത് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിൽ. ഹൈസ്കൂൾ ജംഗ്ഷനിലെ ചുവരെഴുത്താണ് നശിപ്പിച്ചത്. ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് ലീഗും കോൺഗ്രസും പറഞ്ഞു. പുനലൂർ യുഡിഎഫിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിന് പിന്നാലെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി നൗഷാദ് യൂനസിന്റെ ചുവരെഴുത്ത് കരിയോയിൽ ഒഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നിൽ സീറ്റ് മോഹികളായ കോൺഗ്രസ് പ്രവർത്തകരാണെന്ന ആക്ഷേപം ശക്തമാണ്.
പുനലൂർ സീറ്റ് മുസ്ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. മുൻപ് നെൽസൺ സെബാസ്റ്റ്യനെ വിമതനായി നിർത്താൻ നീക്കം നടന്നിരുന്നെങ്കിലും കെപിസിസി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് അദ്ദേഹം പിന്മാറിയിരുന്നു. എന്നാൽ, കോൺഗ്രസിന്റെ അടിമവേല അംഗീകരിക്കില്ലെന്നും കഴിഞ്ഞ 30-40 വർഷമായി മണ്ഡലത്തിൽ ഇല്ലാത്ത കൈപ്പത്തി ചിഹ്നത്തിൽ ആരെങ്കിലും മത്സരിക്കണമെന്നുമാണ് സഞ്ജയ് ഖാന്റെ നിലപാട്.
സഞ്ജയ് ഖാനെ പിന്തിരിപ്പിക്കാൻ പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അതേസമയം, പിന്മാറിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെപിസിസി ഭീഷണി മുഴക്കിയിട്ടുണ്ട്. നൗഷാദ് യൂനസിന്റെ പിതാവ് യൂനസ് കുഞ്ഞ് മുൻപ് ഇവിടെ മത്സരിച്ചപ്പോഴും വലിയ പ്രതിഷേധങ്ങൾ ഉയരുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു.