എടത്വ: ജനബാഹുല്യമുള്ള പ്രദേശത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ കടുത്ത ജനരോഷം. ചക്കുളം തെക്ക് 2835 -ാം നമ്പര്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേയാണ് ജനരോഷം ഉയരുന്നത്. പ്രദേശത്ത് നിരവധി വീടുകൾ, അങ്കണവാടി, ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് ടവര്‍ സ്ഥാപിക്കുന്നത്.
കൂടാതെ നിരവധി കാന്‍സർ, വൃക്ക രോഗികളും പ്രദേശത്തുണ്ടന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടവറില്‍ നിന്നുള്ള റേഡിയേഷന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്നാണ് നാട്ടുകാരുടെ വാദം. പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടപ്പോള്‍ അനുമതി നല്‍കിയിട്ടില്ലന്ന് അധികൃതര്‍ അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് പ്രദേശവാസികളുടെ കൈയൊപ്പ് ശേഖരിച്ച് ജില്ലാ കളക്ടറിന് പരാതി നല്‍കിയിരിക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളായ മണിദാസ് വാസു, അജിത്ത് പിഷാരത്ത്, എസ്എന്‍ഡിപി ശാഖാ യോഗം സെക്രട്ടറി വിജയമ്മ രാജൻ, അഡ്വ. വി.കെ.ബാബു, ബിന്ദു മുഗളന്‍, ബിജുകുമാർ, ശ്യാമളാ സുധാകരന്, രതീഷ് കുമാര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം വഹിച്ചു.