ഓച്ചിറ: മുടിവെട്ടിയതിന്റെ പണം ആവശ്യപ്പെട്ട ബാർബറുടെ കൈ തല്ലിയൊടിച്ചു. രണ്ട് പേർ പിടിയിൽ. ഓച്ചിറ വലിയകുളങ്ങര മീനാക്ഷി ഭവനത്തിൽ അജയ് (24), പായിക്കുഴി ഒയാസിസ് വീട്ടിൽ ഇൻസാഫ് (25) എന്നിവരാണ് പിടിയിലായത്.
ചവറ പോരൂക്കര സ്വദേശി ഷഫീക്കിന്റെ കൈയാണ് ഇരുവരും ചേർന്ന് തല്ലി ഒടിച്ചത്. പാറക്കല്ലുകൊണ്ട് വലത് കൈ തല്ലിയൊടിക്കുകയായിരുന്നു. ആക്രമണത്തിൽ കൈപ്പത്തിക്ക് പൊട്ടലുണ്ട്. ഓച്ചിറ പോലീസ് പ്രതികളെ പിടികൂടി.
ഓച്ചിറ മുണ്ടുകോട്ടയിലെ ഷഫീക്കിന്റെ ബാർബർ ഷോപ്പിലെത്തി മുടി വെട്ടിച്ച പ്രതികൾ പണം പിന്നീട് നൽകാമെന്ന് അറിയിച്ച് പോയിരുന്നു. തുടർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പണം നൽകാത്തതിനെ തുടർന്ന് ഷഫീക്ക് ഇരുവരോടും കൂലി ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതരായ പ്രതികൾ ഷഫീക്കിന്റെ കടയിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. പിടിയിലായ പ്രതികളിൽ ഒരാളായ അജയ് നേരത്തേ കാപ്പ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്.