കേളകം: 15 വർഷത്തിനിടയിൽ ആദ്യമായി ആനപ്രതിരോധ മതിൽ തകർത്ത് ജനവാസമേഖലയിൽ എത്തിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു.
കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് നരിക്കടവിലാണ് ആനപ്രതിരോധ മതിൽ തകർത്തത്. മതിലിനിടയിലെ കരിങ്കൽ ഭിത്തിയാണ് കാട്ടാന തകർത്തത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടമായി എത്തിയ കാട്ടാനകൾ മതിലിന്റെ കരിങ്കൽ ഭിത്തികൾ തുടർച്ചയായി ഇടിച്ച് തകർക്കുകയായിരുന്നു. തകർന്നുവീണ കരിങ്കൽ ചവിട്ടി മതിലിനു മുകളിലൂടെ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.നരിക്കടവ് സ്വദേശി തുരുത്തി കാട്ടിൽ ജോർജിന്റെ വാഴ, തെങ്ങ് തുടങ്ങിയ വിളകളാണ് നശിപ്പിക്കപ്പെട്ടത്.
കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ കരിയം കാപ്പു വരെയുള്ള പതിനൊന്നര കിലോമീറ്ററാണ് ആനപ്രതിരോധ മതിൽ നിർമിച്ചത്. 2015 ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് മതിൽ നിർമാണം ആരംഭിച്ചത്.മതിൽ നിർമ്മാണം പൂർത്തിയായതിനു ശേഷം ആദ്യമായാണ് മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ എത്തുന്നത്.
മൂന്നുതവണ മതിൽ കടന്ന ജനവാസ മേഖലയിൽ എത്തിയെങ്കിലും ഇതെല്ലാം മതിലിന്റെ സൈഡിൽ ഉണ്ടായിരുന്ന മൺതിട്ടയിൽ ചവിട്ടി മതിൽ കടക്കുകയായിരുന്നു.
കാട്ടാന മതിൽ തകർക്കാൻ തുടങ്ങിയതോടെ ഭീതിയിൽ ആയിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ 15 വർഷമായി ആനപ്രതിരോധ മതിലിന്റെ സംരക്ഷണയിലായിരുന്നു പ്രദേശവാസികളുടെ ജീവിതം. ഇത് തകർക്കാൻ തുടങ്ങിയതോടെ ഇനിയെന്ത് എന്ന് ആശങ്കയിലാണ് പ്രദേശവാസികൾ.