ജിഎസ്ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ പ്രതിയെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയിൽ നിന്നും പണം തട്ടിയ ചെട്ടിനട സ്വദേശി അനൂപ് ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയ്ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പെരുമ്പാവൂർ ഐമുറി കവലയിലുള്ള ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയിൽ നിന്നുമാണ് ഇയാളും കൂട്ടാളിയും ചേർന്ന് പണം തട്ടിയെടുത്തത്. ഫോണിൽ വിളിച്ച് ജിഎസ്ടി ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.
മറ്റൊരു ഉദ്യോഗസ്ഥയുടെ ഭർത്താവ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ ആണെന്നും, ഓപ്പറേഷന് അടിയന്തരമായി പണം നൽകണമെന്നും ആയിരുന്നു ആവശ്യം. തുടർന്ന് അനൂപും കൂട്ടാളിയും ടെക്സ്റ്റൈൽസ് ഷോപ്പിൽ എത്തി പണം കൈപ്പറ്റുകയും ചെയ്തു. സംശയം തോന്നിയതിനെ തുടർന്ന് സ്ഥാപന ഉടമ തനിക്ക് പരിചയമുള്ള ജി.എസ്.ടി ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു. തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞതോടെ കോടനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ പ്രതി ഇതിനിടെ സ്ഥലം വിട്ടുപോവുകയും ചെയ്തു.
കഴിഞ്ഞദിവസം സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയപ്പോഴാണ് കോടനാട് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ എറണാകുത്തെയും സമീപ ജില്ലകളിലേയും വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. തട്ടിയെടുക്കുന്നത് ചെറിയ തുകകൾ ആയതിനാൽ പലരും പരാതിയുമായി മുന്നോട്ടു പോകാറില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ കൂട്ടാളിയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.