സീബ്രാ ക്രോസിംഗിൽ അഭ്യാസം കാണിക്കുന്ന ഡ്രൈവർമാരെ പൂട്ടാൻ വേഷം മാറി എംവിഡി


റോഡിലെ നിയമലംഘകരെയും ‘അഭ്യാസികളെയും’ കുടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ വക ഒരു ‘സർപ്രൈസ് പണി’ വരുന്നു. യൂണിഫോം കണ്ടാൽ മാത്രം വണ്ടി സ്ലോ ആക്കുന്നവരും നിയമം പാലിക്കുന്നവരും ഇനി പതറും. കാരണം, നിങ്ങൾക്കിടയിൽ വേഷം മാറി ഒരാളായി ഉദ്യോഗസ്ഥരുണ്ടാകും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവില കൽപ്പിക്കുന്നവരെ പൂട്ടാൻ മഫ്തിയിൽ പരിശോധന നടത്താനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ കർശന നിർദേശം.

സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകാതെ ചീറിപ്പായുന്നവരും, അവരെ പേടിപ്പിച്ച് വണ്ടി ഓടിക്കുന്നവരും ഉദ്യോഗസ്ഥരുടെ ക്യാമറക്കണ്ണുകളിൽ കുടുങ്ങും. നിമിഷങ്ങൾക്കകം നിയമലംഘനത്തിന്റെ ഫോട്ടോ സഹിതം പിഴത്തുക ഇ-ചലാൻ ആയി നിങ്ങളുടെ മൊബൈലിലേക്ക് എത്തും. തിരക്കേറിയ സമയങ്ങളിൽ സ്ക്വാഡുകളായി തിരിഞ്ഞാകും ഉദ്യോഗസ്ഥരുടെ ഈ വേഷംമാറിയുള്ള നിരീക്ഷണം.

സീബ്രാ ലൈനിന് മുകളിൽ വണ്ടി നിർത്തുന്നതോ, ലൈനിൽ നിന്ന് ഒന്നര മീറ്റർ ദൂരപരിധി പാലിക്കാത്തതോ ആയ ഏത് പ്രവർത്തിയും ഇനി പോക്കറ്റ് ചോർത്തും. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ ബൈക്ക് ഓടിച്ചയാളെ പ്രഭാവതി എന്ന വയോധിക ധീരമായി തടഞ്ഞ സംഭവം വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എംവിഡി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഫൂട്പാത്തുകൾ കൈയേറുന്നവർക്കും സീബ്രാ ലൈനിൽ ധിക്കാരം കാട്ടുന്നവർക്കും ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال