മോഷ്ടിച്ച പിക്കപ്പ് കാറിലിടിച്ച് കയറ്റി ; മില്ലിന് തീയിട്ടു: യുവാവ് അറസ്റ്റിൽ


താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ മോഷ്ടിച്ച പിക്ക് വാനുമായെത്തി കാറിടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വെളിച്ചണ്ണ മില്ലിന് തീയിടുകയും ചെയ്ത യുവാവ് പിടിയിൽ. വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു യുവാവിന്‍റെ പരാക്രമം. പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്തുനിന്നുമാണ് ഇയാള്‍ പിക്കപ്പ് വാനുമായി കടന്നുകളഞ്ഞത്. 


പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ വാഹനവുമായി കോഴിക്കോട് വെളിമണ്ണയില്‍ എത്തിയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത് ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. പ്രദേശത്തുകാരന്‍ തന്നെയായ അബ്ദുല്‍ റാസിഖ് നാടിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കുന്നതിനിടെ റാസിഖ് ഇവിടെ നിന്നും രക്ഷപ്പെട്ടു. 

വാഹനവുമായി ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്പിലെത്തിയ ഇയാള്‍ പിക്കപ്പ് വാനിന്റെ ടയറുകൾ പഞ്ചറായതോടെ തുടര്‍ന്ന് വാഹനം ഇവിടെ ഉപേക്ഷിച്ചു. മറ്റൊരു വാഹനം ഇവിടെ നിന്നും എടുത്താണ് റാസിഖ് രക്ഷപ്പെട്ടത്. ഈ വാഹനം ഇയാളുടെ വീടിന്റെ പോര്‍ച്ചില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതിക്രമം നടത്തിയത് അബ്ദുല്‍ റാസിഖാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഒടുവിൽ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال