കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ദിലീപിനെ വെറുതെ വിടാന്‍ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും നീതിപൂര്‍വ്വമായിരുന്നില്ല വിചാരണയെന്നും അപ്പീലില്‍ പറയുന്നു. പള്‍സര്‍ സുനിയടക്കമുള്ള 6 പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇതേ തെളിവുകള്‍ ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ചില്ലെന്നും അപ്പീലില്‍ ആരോപണമുണ്ട്. കൂട്ട ബലാത്സംഗത്തിന് പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്കിയ വിചാരണ കോടതി നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ സന്ദേശം നല്‍കുമെന്നും അപ്പീലില്‍ പറയുന്നു.
ദിലീപ് അടക്കം 4 പ്രതികളെ വെറുതെ വിട്ടതിനെതിരെയും പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്ക് കുറഞ്ഞ ശിക്ഷ നല്കിയതും ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഗൂഢാലോചനയില്‍ പരമാവധി തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയെങ്കിലും വിചാരണ കോടതി അത് ശരിയായ രീതിയില്‍ പരിശോധിച്ചില്ലെന്നും വിചാരണ നീതിപൂര്‍വ്വമായിരുന്നില്ലെന്നും അപ്പീലില്‍ പറയുന്നു
കേസിലെ ഒന്നാം പ്രതി സുനിലും ദിലീപും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ കോടതി നിരാകരിച്ചു. 1 മുതല്‍ ആറ് വരെയുള്ള പ്രതികളുടെ ഗൂഢാലോചന ശരിവെച്ച കോടതി ദിലീപിന്റെ കാര്യത്തില്‍ ഈ തെളിവുകള്‍ പരിശോധിച്ചില്ല. കൂട്ട ബലാത്സംഗം ആണ് നടിയ്ക്കെതിരെ നടന്നത്.
എന്നാല്‍ വിചാരണ കോടതി നല്‍കിയത് ഏറ്റവും കുറഞ്ഞ ശിക്ഷായായ 20 വര്‍ഷം തടവാണ്. ഇത് ഞെട്ടിക്കുന്നതാണ്. സ്വകാര്യതയേയും അന്തസിനെയും ബാധിക്കുന്ന രീതിയില്‍ അതിക്രൂരമായ ആക്രമണമാണ് ഇര നേരിട്ടത്. എന്നിട്ടും കുറഞ്ഞ ശിക്ഷ നല്‍കിയത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് പറയുന്നു.