കെഎസ്ആർടിസിയുടെ ബസുകൾ ഒരേ നിറത്തിലേക്ക്


2022 ഏപ്രിൽ 11ന് ആണ് സ്വിഫ്റ്റ് ബസുകൾ നമ്മുടെ നിരത്തുകളിൽ ഓടിത്തുടങ്ങിയത്. കെഎസ്ആർടിസിയുടെ ഉപകമ്പനിയായി സ്വിഫ്റ്റ് രൂപീകരിച്ച ശേഷം ഈ കമ്പനിക്കായാണ് കെഎസ്ആർടിസിയുടെ ബസുകളിൽ കൂടുതലും എത്തിയത്. സ്വിഫ്റ്റ് ഓപ്പറേറ്റ് ചെയ്തിരുന്നത് എസി സ്ലീപ്പർ ബസ് ഗജരാജ, എസി സീറ്റർ ബസായ ഗരുഡ, നോൺ എസി ഡീലക്‌സ്, സൂപ്പർഫാസ്റ്റ്, ഇലക്ട്രിക് ബസുകൾ എന്നീ സർവീസുകളാണ്.

തുടക്കം മുതൽ ഒരേ കളർ പാറ്റേണിലാണ് സ്വിഫ്റ്റ് ബസുകൾ എത്തിയിരുന്നത്. സ്വിഫ്റ്റിന്റെ എസി സ്ലീപ്പർ മുതൽ നോൺ എസി ഡീലക്‌സ് വരെ ഓറഞ്ച് നിറത്തിലായിരുന്നു. എന്നാലിപ്പോ‍ഴിതാ അടിമുടി നിറം മാറാൻ ഒരുങ്ങുകയാണ് സ്വിഫ്റ്റ്. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസുകള്‍ ഓറഞ്ച് നിറത്തിൽ നിന്ന് സാധാരണ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളുടെ നിറമായ വെള്ളയിലേക്കാണ് മാറുന്നത്.

ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ തന്നെ നേരത്തെ നിറംമാറിയെത്തുന്ന ബസുകളുടെ വീഡിയോ പങ്കുവെച്ചിരുന്നു. സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് എയർ ബസുകളുടെ കളർ കോഡ് നിലവിലുള്ള ഡീലക്‌സ് ബസുകളുടെ പെയിന്റിലേക്ക് മാറിയപ്പോൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൂപ്പർ ഡീലക്‌സ് ബസുകൾ എത്തുന്നത് ഗ്ലോബൽ ടിവിഎസ് ബോഡിയിലാണ്. ഈ ബോഡി സ്‌റ്റൈലിൽ മാറ്റം വരുത്താതെ തന്നെ ഡിസൈനിൽ ചില മിനുക്കുപണികൾ വരുത്തുകയായിരുന്നു.

കെഎസ്ആർടിസിയുടെ പാപ്പനംകോട് വർക്ക്‌ഷോപ്പിൽ വെച്ച് തന്നെയാണ് സ്വിഫ്റ്റ് ബസുകൾക്ക് ഈ മാറ്റം വരുത്തിയത്. കെഎസ്ആർടിസിയുടെ ബസുകൾക്ക് ഒരു യൂണിഫോമിറ്റി വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം എന്നാണ് വിലയിരുത്തലുകൾ. അതേസമയം സൂപ്പർ ഡീലക്‌സ് വിഭാഗത്തിൽ വരുന്ന എല്ലാ സ്വിഫ്റ്റ് ബസുകളും പുതിയ നിറത്തിലേക്ക് മാറുമോ എന്നതിൽ തീരുമാനമായിട്ടില്ല, കൂടാതെ എസി സ്ലീപ്പർ, എസി സിറ്റിങ് ബസുകളുടെ ഡിസൈനിൽ മാറ്റം വരുത്തുമോ എന്നതിലും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال