കോട്ടയം: മില്ലുകാരുടെ ചൂഷണം ഒഴിവാക്കി നെല്ല് നേരിട്ടു സംഭരിക്കാനുള്ള സപ്ലൈകോയുടെ നീക്കം പാളുന്നു. ഈര്‍പ്പം ഒഴിവാക്കാന്‍ നെല്ല് ഉണക്കിയെടുക്കാനുള്ള സംവിധാനം നിലവില്‍ കര്‍ഷകര്‍ക്കില്ല. മെതിച്ചുകൂട്ടിയ നെല്ല് പാടങ്ങളില്‍ ടാര്‍പോളിനില്‍ നിരത്തിയാണ് കര്‍ഷകര്‍ ഉണക്കുന്നത്. കൊടുംവേനലില്‍ ദിവസം ഒന്നിലേറെ തവണ നെല്ല് ചിക്കിനിരത്തുക പ്രായോഗികമല്ല.
ഹെക്ടര്‍ കണക്കിന് വരുന്ന സ്ഥലത്തെ നെല്ല് പാടങ്ങളിലോ ബണ്ടുകളിലോ നിരത്തി ഉണക്കുന്നതും സാധ്യമല്ല. നെല്ല് ഏറ്റെടുത്ത് പതിരു വേര്‍തിരിച്ച് ഉണക്കി സഹകരണ സംഘങ്ങളുടെ ഗോഡൗണുകളില്‍ സംഭരിക്കാനുള്ള ബദല്‍ പദ്ധതിയെപ്പറ്റിയാണ് സപ്ലൈകോ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്.
സംഭരണം നീളുന്ന സാഹചര്യത്തില്‍ വേനല്മഴയുണ്ടായാല് നെല്ല് ഉണക്കാനും സൂക്ഷിക്കാനുമുള്ള സംവിധാനം നിലവിലില്ല. നെല്ല് കുത്തി അരിയാക്കുന്നതിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള മില്ലുകളെയാണ് സംഭരണത്തിനായി സപ്ലൈകോ ചുമതലപ്പെടുത്താറുള്ളത്. നൂറ് കിലോ നെല്ല് കുത്തിയാല്‍ 68 കിലോ അരി ലഭിക്കണമെന്നാണ് മില്ലുകാരുടെ കണക്ക്.
പതിരിന്റെ പേരില്‍ കര്‍ഷകരില്‍നിന്ന് പരമാവധി കിഴിവ് വാങ്ങലാണ് മില്ലുകാരുടെ തന്ത്രം. നിലവില്‍ രണ്ട് ശതമാനം കിഴിവില്‍ നെല്ല് നല്കാന് കര്‍ഷകര്‍ തയാറാണ്. എന്നാല്‍ അഞ്ചു കിലോ വരെയാണ് മില്ലുകാര്‍ ഇപ്പോഴത്തെ വേനലിലും കിഴിവ് ആവശ്യപ്പെടുന്നത്.
മെതിക്കുന്ന സമയത്ത് യന്ത്രത്തില്‍നിന്നു പതിര് നീക്കംചെയ്യുന്ന സംവിധാനമുണ്ട്. എന്നാല്‍ അപ്പര്‍ കുട്ടനാട്ടില്‍ എത്തിക്കുന്ന പഴഞ്ചന്‍ യന്ത്രങ്ങളില്‍ അതിന് സൗകര്യമില്ല. നെല്ല് നിരത്തി ഉണക്കാനും വാരി സൂക്ഷിക്കാനും യാര്‍ഡും സംഭരണ കേന്ദ്രങ്ങളും കൃഷി വകുപ്പും സപ്ലൈകോയും സജ്ജമാക്കാത്ത സാഹചര്യത്തില്‍ മില്ലുകാരുടെ ചൂഷണം തുടരുകയാണ്.