വെള്ളാപ്പള്ളിയെ കരി ഓയിൽ ഒഴിക്കണമെന്ന ആഹ്വാനം നടത്തിയ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കോലം കത്തിച്ച് എസ് എൻ ഡി പി പ്രവർത്തകർ. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരീസ് മൂതൂരിന്‍റെ കോലമാണ് എസ് എൻ ഡി പി പ്രവർത്തകർ കത്തിച്ചത്. പത്തനംതിട്ട എസ് എൻ ഡി പി യൂണിയന്‍റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. വെള്ളാപ്പള്ളി നടേശനെതിരെ കരി ഒയിൽ ഒഴിക്കണമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ആഹ്വാനത്തെ തുടർന്നായിരുന്നു പ്രതിഷേധം. കരിഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം നൽകും എന്നായിരുന്നു ഹാരീസ് മൂതൂരിന്‍റെ പ്രസ്താവന.
ഹാരിസ് മുതൂരിന്റെ മോശം പ്രസ്താവന വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ തുടങ്ങിയ കോൺഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിക്കാത്തതിനെ എസ്എൻഡിപി പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ് പത്മകുമാർ ചോദ്യം ചെയ്തു. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ പോസ്റ്റിനെതിരെ സർക്കാരും പൊലീസും കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.