തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി യുത്ത് കോൺഗ്രസ് നേതാവ് രംഗത്ത്. "തുടരെ തുടരെ ബലാത്സംഗം ചെയ്യുന്നത് മാനസിക വൈകൃതമാണ്" എന്ന് യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിടെ, രാഹുൽ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങളും പുറത്തുവന്നു.
സ്ത്രീപക്ഷ നിലപാട് എടുത്തതിന്റെ പേരിൽ പാർട്ടിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ശരിയുടെ പക്ഷത്ത് നിൽക്കുമെന്ന് സജന വ്യക്തമാക്കി.'ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, മൂന്നാണെങ്കിൽ അത് മാനസിക വൈകൃതമാണ്. ഉന്നത സ്ഥാനീയനായ ഈ 'സൈക്കോ'യെ തിരിച്ചറിയാൻ അതിജീവിതമാർക്ക് കഴിഞ്ഞില്ല,' കുറ്റാരോപിതനായ രാഹുലിന് കോൺഗ്രസ് നേതാക്കളുടെ സംരക്ഷണമില്ലെന്നും പോരാട്ടം തുടരാൻ അതിജീവിതമാർക്ക് സജന ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പൊലീസ് ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളെ രാഹുൽ പൂർണ്ണമായും തള്ളി. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് സൗഹൃദം തുടങ്ങിയത്. അവർ വിവാഹിതയാണെന്ന് അറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് പരാതിക്ക് പിന്നിലെന്നും രാഹുൽ വാദിക്കുന്നു. ഹോട്ടൽ മുറി ബുക്ക് ചെയ്തത് പ്രായപൂർത്തിയായ പരാതിക്കാരി തന്നെയാണ്. ഗുണദോഷങ്ങൾ അറിയാവുന്ന അവൾ അവിടെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു.