പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത മൂന്നാമത്തെ കേസിൽ പരാതിക്കാരി സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്ന് വിവരം. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകിയെന്നാണ് മൊഴി. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിൻ്റെ തെളിവടക്കം ഇതിലുണ്ട്. പത്തനംതിട്ട ജില്ലക്കാരിയായ യുവതി, ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിച്ചുവച്ച കേസായതിനാൽ പാലക്കാട് എംഎൽഎക്ക് ഉടൻ ജാമ്യം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ബലാൽസംഗവും ഗർഭ ഛിദ്രവും ആരോപിച്ചുള്ളതാണ് ഇപ്പോൾ വിദേശത്തുള്ള പരാതിക്കാരി ഇമെയിൽ വഴി പൊലീസിന് നൽകിയ പരാതി. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തുവെന്നാണ് ആരോപണം. ഇ മെയിലിൽ ലഭിച്ച പരാതിയിൽ വീഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഇന്ന് പുലർച്ചെ പാലക്കാട് ഹോട്ടലിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
യുവതി വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച രാഹുൽ മാങ്കൂട്ടത്തിൽ പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാമെന്ന് യുവതി പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് രാഹുൽ പറഞ്ഞു.