ജാമ്യം തള്ളിയതിന് പിന്നാലെ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍



ജാമ്യം തള്ളിയതിന് പിന്നാലെ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍. അഭിഭാഷകനും പൊലീസും പറഞ്ഞത് പച്ചക്കള്ളമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം നിഷേധിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ കോടതിയില്‍ നിന്ന് പുറത്തുകൊണ്ടു വരുന്നതിനിടെയാണ് പ്രതിയുടെ പ്രതികരണം. ജനറല്‍ ആശുപത്രിയില്‍ നിന്നും വൈദ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം പ്രതിയെ ജയിലില്‍ എത്തിച്ചു.

14 ദിവസത്തേക്കാണ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡില്‍ വിട്ടത്. പ്രതി കുറ്റം ചെയ്തതായി മനസിലാക്കുന്നുവെന്നും ചെയ്ത കുറ്റം നിസാരമായി കാണാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സമാന കുറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

തന്റെ അറസ്റ്റ് നിയമപരമല്ലെന്നും അറസ്റ്റിനു ശേഷം ആണ് ജാമ്യമില്ല വകുപ്പ് ചുമത്തിയതെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിജീവിതയ്‌ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

രാഹുലിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ട്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് രാഹുലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലടക്കം പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങൡ നിന്നടക്കമുള്ള തെൡവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

പ്രതി നിരന്തരം ഈ രീതിയില്‍ കുറ്റം ആവര്‍ത്തിക്കുന്നയാളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. എറണാകുളത്തും രണ്ട് കേസുകള്‍ നിലവിലുണ്ട്.

മറ്റു ജില്ലകളില്‍ മാറി മാറി താമസിച്ച പ്രതി ഒളിവില്‍ പോകാനും സാധ്യതയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതിനായി മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാവകാശം ആവശ്യമുണ്ട്. അതിജീവിതയുടെ ഫോട്ടോ ഉപയോഗിച്ച് തുടര്‍ന്നും ഈ കേസിന് സമാനമായ രീതിയില്‍ കുറ്റം ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال