അന്തരിച്ച കൊയിലാണ്ടി എം എൽ എ യും CPI(M) നേതാവുമായ കാനത്തിൽ ജമീലയുടെ സംസ്കാരം നാളെ നടക്കും. വൈകിട്ട് 5 മണിക്ക് അത്തോളി കുനിയിക്കടവ് ജുമാ മസ്ജിദ് ഖബറിടത്തിലാണ് സംസ്ക്കാരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ സി പി ഐ (എം) നേതാക്കൾ ഏറ്റുവാങ്ങും. 8 മണി മുതൽ 10 വരെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊതുദർശനം. 11 മണി മുതൽ കൊയിലാണ്ടി ടൗൺഹാളിലും ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനം ഉണ്ടാകും. തുടർന്ന് മൃതദേഹം ചോയികുളത്ത് വീട്ടിൽ എത്തിക്കും, ഇതിന് ശേഷമാണ് ഖബറടക്കം.
മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന കാനത്തിൽ ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുള്ള നേതാവായിരുന്നു. അർബുദ ബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് കുറച്ചു നാളായി മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടപ്പോഴെല്ലാം ജനങ്ങൾക്കിയിലേക്ക് ഇറങ്ങി പ്രവർത്തിച്ച നേതാവായിരുന്നു അവർ.
മൂന്ന് പതിറ്റാണ്ട് പൊതുപ്രവർത്തന രംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു കാനത്തിൽ ജമീല. 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിൽ ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി ജനനം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്. 1995 ൽ തലക്കുളത്തൂര്‍ പഞ്ചായത്തിൽ മത്സരിച്ച് ജയിച്ചാണ് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്.