കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനാർഥിയെ തെരഞ്ഞെടുത്തതിൽ കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന വനിതാ നേതാവുമായ ദീപ്തി മേരി വർഗീസ് ആവർത്തിച്ചു. അക്കാര്യം പറഞ്ഞതിൽ മാറ്റമില്ലെന്നും, തൃക്കാക്കരയായാലും കൊച്ചി കോർപ്പറേഷനായാലും ഒരേ മാനദണ്ഡമാണ് പാലിക്കേണ്ടതെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ തന്നെ കൊച്ചി കോർപ്പറേഷൻ മേയറായി ദീപ്തി മേരി വർഗീസിനെ പരിഗണിക്കുമെന്നായിരുന്നു പാർട്ടിക്കുള്ളിലെ പൊതുവായ വിലയിരുത്തൽ. കെ.സി. വേണുഗോപാലിന്റെ പിന്തുണയുള്ള ദീപ്തിയെ ഒഴിവാക്കി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇടപെട്ട് മിനിമോളെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമായത്.
ദീപ്തി മേരി വർഗീസിന് പിന്നാലെ പ്രമുഖ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടൻ, അജയ് തറയിൽ എന്നിവർ പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. അതേസമയം, വിജയത്തിന്റെ ശോഭ കെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസ് ദീപ്തിക്കെതിരെ വിമർശനവുമായി മുന്നോട്ട് വന്നതോടെ വിവാദം കൂടുതൽ ശക്തമായി