മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചിങ്ങവനം പോലീസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് കൈമാറും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സിദ്ധാർത്ഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് പോലീസ് നീങ്ങുന്നത്.
സിദ്ധാർത്ഥ് ഓടിച്ചിരുന്ന കാർ ഇടിച്ച് ഒരു ലോട്ടറി വിൽപ്പനക്കാരന് പരിക്കേറ്റു. പരിക്കേറ്റയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ചോദ്യം ചെയ്ത നാട്ടുകാരോടും തടയാൻ ശ്രമിച്ച പോലീസുകാരോടും സിദ്ധാർത്ഥ് മോശമായി പെരുമാറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.
മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ സിദ്ധാർത്ഥ് പ്രഭു, മഞ്ജു പിള്ളയുടെ മകനായി വർഷങ്ങളോളം മിനിസ്‌ക്രീനിൽ നിറഞ്ഞുനിന്നിരുന്നു. ഏതാനും സിനിമകളിലും അഭിനയിച്ച അദ്ദേഹം, നിലവിൽ ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിൽ ലച്ചുവിന്റെ ഭർത്താവായി ശ്രദ്ധേയമായ വേഷത്തിലാണ് അഭിനയിച്ചുവരുന്നത്.