ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തിൽ വെടിയുതിർത്ത രണ്ട് പേരിൽ ഒരാൾ ഇന്ത്യക്കാരനെന്ന് കണ്ടെത്തല്‍. വെടിവയ്പ്പുകാരനില്‍ ഒരാളായ സാജിദ് അക്രം ഹൈദരബാദ് സ്വദേശിയാണെന്ന് തെലങ്കാന പൊലീസ് വ്യക്തമാക്കി. പ്രതിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേരത്തെ കണ്ടെത്തിയിരുന്നു, ഇതിനുപിന്നാലെയാണ് തെലങ്കാന സ്വദേശിയാണെന്നുള്ള വിവരം പുറത്ത് വന്നത്.
സാജിദ് അക്രം (50), മകൻ നവീദ് അക്രം (24) എന്നിവര്‍ ഡിസംബർ 14 ന് ഓസ്‌ട്രേലിയിലെ സിഡ്‌നിയില്‍ 16 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിലെ പ്രതികളാണ്. സാജിദ് അക്രം തെലങ്കാന സ്വദേശിയാണെന്ന് അറിയിച്ചതോടെ തെലങ്കാന പൊലീസ് നടത്തിയ പശ്ചാത്തല പരിശോധനയിൽ സാജിദ് ഹൈദരാബാദ് സ്വദേശിയാണെന്ന് കണ്ടെത്തി.
എന്നാല്‍ കുടുംബവുമായി അത്ര ബന്ധം ഉണ്ടായിരുന്നില്ലെന്നും, രാജ്യം വിട്ടതിന് ശേഷം എകദേശം ആറുതവണ മാത്രമാണ് ഇന്ത്യയില്‍ വന്നിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. അതോടൊപ്പം ഭീകാരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യാനുസരണം കേന്ദ്ര ഏജൻസികളുമായി സഹകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഹൈദരാബാദിലെ ടോളിചൗക്കി പ്രദേശത്താണ് സാജിദ് അക്രം ആദ്യം താമസിച്ചിരുന്നത്. 1998 നവംബറിൽ ബികോം പൂർത്തിയാക്കിയ ശേഷം വിദ്യാർഥി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. ഓസ്‌ട്രേലിയയിൽ, സാജിദ് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് രാജ്യത്ത് സ്ഥിരതാമസമാക്കി.
സാജിദ് ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയയിൽ ജനിച്ച അദ്ദേഹത്തിൻ്റെ കുട്ടികൾ ഓസ്‌ട്രേലിയൻ പൗരന്മാരാണ്. ഭീകരാക്രമണത്തിലെ വെടിവയ്പ്പുകാരാനായ മകന്‍ നവീദ് അക്രം ഓസ്‌ട്രേലിയൻ പൗരനാണ്. സ്വത്തുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ക്കും പ്രായമായ മാതാപിതാക്കളെ കാണുന്നതിനുമായി ആറ് തവണ മാത്രമാണ് അദ്ദേഹം സ്വന്തം നാട്ടിൽ വന്നത്.
പിതാവിൻ്റെ മരണസമയത്ത് അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്‌തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. “അദ്ദേഹത്തിൻ്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുടുംബാംഗങ്ങൾക്ക് അറിവില്ല. സാജിദിൻ്റെയും മകൻ നവീദിൻ്റെയും തീവ്ര ചിന്തയിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ യാതൊരു ബന്ധവുമില്ല” വാര്‍ത്താക്കുറിപ്പില്‍ തെലങ്കാന പൊലീസ് പറഞ്ഞു.
ഇന്ത്യയിൽ താമസിച്ചിരുന്ന സമയത്ത് സാജിദിനെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ആവശ്യാനുസരണം കേന്ദ്ര ഏജൻസികളുമായും മറ്റ് അന്വേഷണം സംഘവുമായും സഹകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും തെലങ്കാന പൊലീസിൻ്റെ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.