മദ്യലഹരിയിൽ ആശുപത്രിയിലെത്തിയെന്ന രോഗികളുടെ പരാതി: ഡോക്ടറെ കസ്റ്റഡിയിലെടുത്തു


തിരുവനന്തപുരം: മദ്യലഹരിയിൽ ആശുപത്രിയിലെത്തിയെന്ന രോഗികളുടെ പരാതിയെ തുടർന്ന് ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടർ ജിത്തുവിനെ നാട്ടുകാരുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ തർക്കിച്ചിരുന്നു. തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളറട പൊലീസ് സ്ഥലത്ത് എത്തി. തുടര്‍ന്ന് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഒരാഴ്ച മുന്‍പും സമാനമായ രീതിയില്‍ ഡോക്ടര്‍ മദ്യപിച്ചെത്തിയിരുന്നു. അന്ന് രാത്രിയും ചികിത്സയ്ക്ക് എത്തിയ രോഗികളോട് മോശമായി പെരുമാറിയതായി രോഗികളും പരിസരവാസികളും ആരോപിക്കുന്നുണ്ട്. രക്തം പരിശോധിച്ചതിന്‍റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും തുടർനടപടികൾ ഇതിന് ശേഷമേ ഉണ്ടാകൂവെന്നും പൊലീസ് അറിയിച്ചു. രക്തത്തിലെ മദ്യത്തിന്‍റെ അളവ് സ്ഥിരീകരിച്ചാൽ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال