നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിഞ്ഞില്ലെന്ന് കോടതി. വിധി പകര്‍പ്പ് പുറത്തുവന്നു. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം നില നിൽക്കില്ലെന്ന് കോടതി വിധി പകർപ്പിൽ പറയുന്നു.
ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ കോടതി തള്ളി. ജയിലിൽ നിന്ന് ഫോൺ ചെയ്തതിലും ദിലീപ് പണം നൽകിയതിനും തെളിവുകളില്ല. ആദ്യം പൾസർ സുനി ഒരു സ്‌ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് പറഞ്ഞിരുന്നു. പിന്നീട് ദിലീപാണ് ക്വട്ടേഷൻ നൽകിയതെന്ന് മാറ്റി പറഞ്ഞു.
ആദ്യം പറഞ്ഞ സ്‌ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആയിരത്തിലേറെ പേജുകളുള്ള വിധിപ്പകർപ്പിൽ പറയുന്നു.
അതേസമയം, പ്രതികളെ 20 വർഷം കഠിനതടവ് ശിക്ഷിച്ചു. ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രതികൾ ജയിലിൽ കിടന്ന കാലയളവ് കുറച്ചുള്ള ശിക്ഷ അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. ഒന്നു മുതൽ ആറു വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആൻ്റണി,മണികണ്ഠൻ , വിജീഷ്, സലിം , പ്രദീപ് തുടങ്ങി മുഴുവൻ പ്രതികൾക്കും കൂട്ട ബലാത്സംഗ കുറ്റത്തിന് 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമേ ക്രിമിനൽ ഗൂഢാലോചന കുറ്റത്തിനും 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് 10 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരവും തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. അതായത് ആകെ മൂന്നേകാൽ ലക്ഷം രൂപയാണ് പൾസർ സുനി പിഴയൊടുക്കേണ്ടത്. രണ്ടാംപ്രതി മാർട്ടിൻ ആൻ്റണിക്ക് തെളിവ് നശിപ്പിക്കൽ കുറ്റത്തിന് മൂന്നുവർഷം തടവും 25000 രൂപ പിഴയും അധികമായി വിധിച്ചിട്ടുണ്ട്.
മാർട്ടിൻ ഒന്നര ലക്ഷവും മറ്റ് 4 പ്രതികളും ഒന്നേകാൽ ലക്ഷവും പിഴ ഒടുക്കണം. വലിയ ശിക്ഷയായ 20 വർഷം കഠിനതടവാണ് പ്രതികൾ ഒന്നിച്ചനുഭവിക്കേണ്ടി വരിക. ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണ് പ്രതികൾക്ക് ലഭിച്ചെതെന്നും,അതിൽ നിരാശയുണ്ടെന്നും ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ വ്യക്തമാക്കി.
പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദവും കണക്കിലെടുത്താണ് ശിക്ഷ പ്രഖ്യാപിച്ചതെന്ന് കോടതി ഉത്തരവിലുണ്ട്. പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകണം. തൊണ്ടിമുതലായ മൊബൈൽ ഫോണും പെൻഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥൻ്റെ കസ്റ്റഡിയിൽ സൂക്ഷിക്കണം. അപ്പീൽ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാൻ പാടുള്ളൂവെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസിൻ്റെ ഉത്തരവിൽ പറയുന്നു.