പാലക്കാട് മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ മർദ്ദനം


പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ മർദ്ദനം. ലക്കിടി തെക്കുംറോഡ് സ്വദേശിയായ സുരേന്ദ്രനാണ് മർദ്ദനമേറ്റത്. ഇരുമ്പുവടി ഉപയോഗിച്ച് 4 പേരെത്തി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ കണ്ടാലറിയാവുന്ന നാലുപേർ ചേർന്ന് തടഞ്ഞുനിർത്തി ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വാർഡ് നഷ്ടപ്പെട്ടതിൻ്റെ കാരണക്കാരൻ താനാണെന്ന് ചില വ്യക്തികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മർദ്ദനമുണ്ടായതെന്ന് സംശയിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.

കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുപക്ഷം ഭരിക്കുന്ന ലക്കിടി പേരൂർ പഞ്ചായത്തിൽ കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് ഇത്തവണ നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചത്. കണ്ടാലറിയാവുന്ന നാലുപേരെ പ്രതി ചേർത്തുകൊണ്ട് ഒറ്റപ്പാലം പോലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സുരേന്ദ്രൻ കുറച്ചുനാളായി സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. സിപിഎം പ്രവർത്തകരാണോ ആക്രമിച്ചത് എന്ന ചോദ്യത്തിന് ചില വ്യക്തികളാണെന്നും പാർട്ടിയല്ല ചെയ്തത് എന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال