ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമ സഹായ വേദി കൂട്ടായ്മ


ബെംഗളൂരു: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമ സഹായ വേദിയുടെ കൂട്ടായ്മ. കേസിലെ വിചാരണ വേളയിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്ന് അഭിഭാഷകരും മുൻ ജ‍‍‍‍‍ഡ്ജിമാരും നിയമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുത്ത കൂട്ടായ്മ ആരോപിച്ചു. ഇത്തരം കേസുകളിൽ ഇരകളെ വിചാരണ ചെയ്യുന്നതിൽ മാർഗനിർദേശങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരുവിലെ നിയമ സഹായ വേദി. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് നെക്സ്റ്റ് ലീഗൽ എയ്ഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നീതി അടഞ്ഞ അധ്യായമല്ലെന്ന മുദ്രവാക്യവുമായി നടിക്ക് ഐക്യദാര്‍ഢ്യവുമായി കൂട്ടായ്മ നടത്തിയത്.

മലയാളം അറിയുന്നവർ, അറിയാത്തവർ, നിയമ വിദ്യാർത്ഥികൾ, അഭിഭാഷകർ, വിരമിച്ച ജഡ്ജിമാർ, സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെല്ലാം കൂട്ടായ്മയിൽ പങ്കെടുത്ത് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണ വേളയിൽ കോടതി മുറിക്കുള്ളിൽ നടന്ന അതിക്രമം അവര്‍ ഒറ്റക്കെട്ടായി വിളിച്ചുപറഞ്ഞു. 2022ൽ ജസ്റ്റിസ് ചന്ദ്രചൂഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് വിചാരണ മുന്നേറിയതെന്നും അഡ്വ. നിതയും അഡ്വ. ബീന പിള്ളൈയും പറഞ്ഞു. വിചാരണയിലെ നീതിനിഷേധം നടി ചോദ്യം ചെയ്താൽ ഒപ്പമുണ്ടാകുമെന്നും നീ തീയാണ് എന്നോർപ്പിച്ചു കൊണ്ട് കൂട്ടായ്മ പ്രഖ്യാപിച്ചു. ചിലർ മൈക്കിന് മുന്നിൽ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, മറ്റ് ചിലർ ഒപ്പമുണ്ടെന്ന് നടിയോട് പറഞ്ഞത് സ്വന്തം കൈപ്പടയിൽ കുറിച്ച വാചകങ്ങളിലൂടെയായിരുന്നു. വിചാരണയിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടാൻ അഭിഭാഷകര്‍ തെരുവുനാടകവും അവതരിപ്പിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال