രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പുറത്തുവന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതു തന്നെയെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പരിശോധന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാതിയോളം ശബ്ദരേഖകളുടെ പരിശോധന പൂർത്തിയായി. പരിശോധിച്ച ശബ്ദരേഖകൾ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് സ്ഥിരീകരിച്ചു.
പരിശോധനയ്ക്കായി രാഹുലിന്റെ ശബ്ദ സാമ്പിൾ എടുത്തത് പബ്ലിക് ഡൊമെയ്നിൽ നിന്നാണ്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വ്യക്തമാക്കി. ഡബ്ബിങ്, AI സാധ്യതകൾ പൂർണമായും തള്ളാമെന്നും നിഗമനം. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടൻ പൂർത്തിയാകും.
രാഹുലിനെതിരായ ബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ബാംഗ്ലൂരിലേക്ക് പോകും. രാഹുലിനായുള്ള തെരച്ചിൽ കൂടുതൽ ഉർജ്ജിതമാക്കുമെന്നും ഇൻവെസ്റ്റിഗേഷൻ ടീം വ്യക്തമാക്കി.
രാഹുലിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ ഉള്‍പ്പെടെ പരിശോധന നടന്നു. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലർക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇൻവെസ്റ്റിഗേഷൻ ടീം നോട്ടീസ് നൽകിയിട്ടുണ്ട്.