മരണത്തിനു മുന്നിലും കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കി മാമൻ ഡ്രൈവർ യാത്രയായി.എന്നും തങ്ങളെ യാത്രയാക്കിയിരുന്ന ആളെ അവസാനമായി കാണാൻ സ്കൂളിലെ വിദ്യാർഥികൾ എത്തിയത് നൊമ്പര കാഴ്ചയായി പാലുവായ്സെന്റ് ആന്റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവർ ആയിരുന്ന ചക്കം കണ്ടം സ്വദേശി മാടാനി വീട്ടിൽ രാജൻ 55 ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ സ്കൂൾ ട്രിപ്പ് എടുത്ത് വരവെ കാർഗിൽ നഗറിന്റെ അടുത്തുവച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരണ വേദന അനുഭവിക്കുമ്പോഴും തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി റോഡരികിൽ വണ്ടി ഒതുക്കി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തിയ രാജൻ ബസ്സിൽ തളർന്നുവീഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് രാജനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ വിദ്യാർത്ഥികൾക്ക് വളരെ സ്നേഹത്തോടെ മധുരം വിതരണം ചെയ്തും ഐസ്ക്രീം നൽകിയും ആണ് രാജൻ തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നത് . മക്കളില്ലാത്തതിനാൽ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന പോലെയാണ് രാജൻ വിദ്യാർത്ഥികളെ നോക്കിയിരുന്നത് . ഭാര്യ രമണി. മാതാവ് തങ്ക സഹോദരി രാധ . സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് ഗുരുവായൂർ നഗരസഭ ഗ്യാസ് ക്രിമിറ്റോറിയത്തിൽ നടക്കും
Tags
accident
