തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി വി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. മറ്റ് ജില്ലകളിൽ ഓടുന്നുണ്ടെന്ന് മേയർ പറഞ്ഞുകേട്ടു. എന്നാൽ ഒരു ജില്ലയിലും ഓടുന്നില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
ഏറ്റവും തിരക്കുള്ള സമയങ്ങളിൽ നഗരത്തിൽ സർവീസ് നടത്തിയ ശേഷം പ്രാന്തപ്രദേശങ്ങളിലുള്ളവരെയും നഗരത്തിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കണമെന്ന് കരാറിൽ വ്യക്തമായി പറയുന്നുണ്ട്. കരാർ ഉൾപ്പെടെ വായിച്ചുനോക്കി മേയർ പഠിക്കണം. എന്നിട്ടും തൃപ്തി വരുന്നില്ലെങ്കിൽ ബസുകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മേയർ കത്ത് നൽകിയാൽ 24 മണിക്കൂറിനുള്ളിൽ 113 വണ്ടികളും കോർപ്പറേഷന് തിരിച്ചു കൊടുത്തേക്കാം. കോർപ്പറേഷന് അത് ഇഷ്ടമുള്ള സ്ഥലത്ത് അത് കൊണ്ടുപോയി ഇടാം. എന്നാൽ ഞങ്ങളുടെ ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ട. തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചു, ഇതൊക്കെ പഠിച്ചിട്ടുമാത്രം പറയണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഈ ബസുകൾ കൊണ്ടാണ് കെഎസ്ആർടിസി ജീവിക്കുന്നത് എന്ന് ആരും പറയരുത്. 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ കെഎസ്ആർടിസി ഇറക്കും. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസുകളിലെ കണ്ടക്ടർ, ഡ്രൈവർ, ടിക്കറ്റ് മെഷീൻ, വർക്ക് ഷോപ്പ് സംവിധാനങ്ങൾ അടക്കം തങ്ങളുടേതാണ്. കഴിവുണ്ടെങ്കിൽ കോർപ്പറേഷൻ ഇതെല്ലാം നടത്തട്ടെയെന്നും മന്ത്രി പറഞ്ഞു.