കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 159 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി പി രാജീവ്. 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളും ഉള്‍പ്പെടെയാണിതെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കാന്‍സര്‍ സെന്റര്‍ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രി വിപുലീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.