തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ പൊലീസ് തലപ്പത്ത് വിപുലമായ മാറ്റങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന കയറ്റം നല്‍കി. കെ കാര്‍ത്തിക് ആണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍. നിലവില്‍ വിജിലന്‍സ് ആസ്ഥാനത്ത് ഡിഐജിയാണ്.
തിരുവനന്തപുരം കമ്മിഷണറായിരുന്ന തോംസണ്‍ ജോസിനെ വിജിലന്‍സിലേക്കു മാറ്റി. ഹരി ശങ്കറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍. നിലവില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയാണ്. ഡോ. അരുള്‍ ആര്‍ ബി കൃഷ്ണയാണ് പുതിയ തൃശൂര്‍ റേഞ്ച് ഡിഐജി. ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാക്കി.
ഡിഐജിമാരായിരുന്ന പുട്ട വിമലാദിത്യ, എസ് അജിതാബീഗം, ആര്‍ നിശാന്തിനി, എസ് സതീഷ്ബിനോ, രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ക്ക് ഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. പുട്ട വിമലാദിത്യയെ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാക്കി നിയമിച്ചു. നിലവില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ്. സ്ഥാന കയറ്റം ലഭിച്ച ആര്‍ നിശാന്തിനിയെ പൊലീസ് ആസ്ഥാനത്ത് ഐജിയായും എസ് സതീഷ്ബിനോയെ ആംഡ് ബറ്റാലിയന്‍ ഐജിയാക്കി. അജിതാ ബീഗത്തിന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐജിയായി നിയമിച്ചു.
ജി സ്പര്‍ജന്‍കുമാറാണ് പുതിയ ദക്ഷിണ മേഖല ഐജി. നിലവില്‍ സൗത്ത് സോണ്‍ ഐജി ശ്യാം സുന്ദറിനെ ഇൻ്റലിജന്‍സ് ഐജിയാക്കി. ഉമേഷ് ഗോയലിനെ ടെലികോം എസ്പിയായും കിരണ്‍ പിബിയെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗം എസ്പിയായും രാജേഷ്‌കുമാറിനെ കേരള ആംഡ് പൊലീസ് ബറ്റാലിയന്‍-4 വിഭാഗം എസ്പിയായും അഞ്ജലി ഭാവനയെ ആംഡ് പൊലീസ് ബറ്റാലിയന്‍ കമന്‍ഡാൻ്റൻ്റ് ആയും നിയമിച്ചു.
നിലവില്‍ കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനും നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന സഞ്ജയ് കൗളിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. ഇന്ന് ഐജിയായി സ്ഥാനക്കയറ്റം നല്‍കിയ രാഹുല്‍ ആര്‍ നായര്‍ ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സില്‍ അദ്ദേഹം നിലവില്‍ ഡിഐജിയാണ്. അവിടെ ഐജിയായി എംപാനല്‍ ചെയ്ത് സ്ഥാനക്കയറ്റം നല്‍കും.
കേരളത്തില്‍ ഏഴ് ഐജി തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ജോയിൻ്റ് ഡയറക്ടറായി അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കുന്ന എഡിജിപി ദിനേന്ദ്ര കശ്യപ് ജനുവരി കേരള പൊലീസില്‍ തിരിച്ചെത്തും. ഇതോടെ എഡിജിപി തലത്തിലും അഴിച്ചു പണി നടക്കും. സംസ്ഥാന പൊലീസിലെ സീനിയറായ 10 എസ്പിമാര്‍ക്ക് വൈകാതെ ഐപിഎസ് ലഭിക്കും. ഇതു സംബന്ധിച്ച് 30ന് നടന്ന യുപിഎസ്‌സി യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും പങ്കെടുത്തിരുന്നു.