കോഴിക്കോട് പതിനാറുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ എംഎസ്‌എഫ് നേതാവടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം. പ്രതികളുടെ സ്വർണക്കടത്ത്, മയക്കുമരുന്ന് ബന്ധങ്ങളും പൊലീസ് അന്വേഷിക്കും.
എംഎസ്‌എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ട്രഷറർ കൂടിയായ റയീസടക്കമുള്ളവരാണ് കേസിലെ പ്രതികൾ. കാസർകോട് സ്വദേശി മുഹമ്മദ് സമി, കോഴിക്കോട് കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സാലിഹ്, പുതുപ്പാടി സ്വദേശി ഷബീറലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ വെച്ച് പരിചയപ്പെട്ട റയീസും സമീമും ചേർന്നാണ് ഷബീറലിയുടെ ഫ്ലാറ്റിൽ എത്തിച്ചത്.
ഈ മാസം 21-നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടി വീടുവിട്ട് കോഴിക്കോട് ബീച്ചിലെത്തിയത്. ബീച്ചിൽ വെച്ച് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികളായ മുഹമ്മദ് റയീസും ഷമീമും, ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് വാഗ്ദാനം നൽകി തങ്ങളുടെ സുഹൃത്തുക്കളുടെ താമസസ്ഥലത്തെത്തിച്ചു. പന്തീരംകാവിലെ ഈ ഫ്ലാറ്റിൽ വെച്ച് പെൺകുട്ടിക്ക് ലഹരി മരുന്ന് നൽകിയ ശേഷം സാലിഹും ഷബീറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചയോടെ പെൺകുട്ടിക്ക് 4000 രൂപ നൽകിയ ശേഷം സംഘം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പോലീസ് പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. റിമാൻഡിലുള്ള പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹായികളായ മറ്റു രണ്ടുപേരെ കൂടി പോലീസ് പിടികൂടിയത്. അറസ്റ്റിലായ മുഹമ്മദ് സാലിഹ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.