ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടെ രണ്ടര വയസുള്ള കുട്ടിയുടെ കൈയ്യില്‍ കിടന്നിരുന്ന സ്വര്‍ണ വള മോഷ്ടിച്ചു: യുവതി അറസ്റ്റില്‍



തൃശൂര്‍: വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടെ രണ്ടര വയസുള്ള കുട്ടിയുടെ കൈയ്യില്‍ കിടന്നിരുന്ന സ്വര്‍ണ വള മോഷ്ടിച്ച യുവതി അറസ്റ്റില്‍. ഗണേശമംഗലം വലിയകത്ത് വീട്ടില്‍ സജ്‌ന (35) യെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് രാത്രി 7.30ഓടെ ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്‌കൂളിനു മുന്‍വശം വച്ചായിരുന്നു മോഷണം. സ്‌കൂളില്‍ നടന്ന കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ഏങ്ങണ്ടിയൂര്‍ ചന്തപ്പടി സ്വദേശിനി ചാണാടിക്കല്‍ വീട്ടില്‍ അശ്വതിയുടെ തോളില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ അണിഞ്ഞിരുന്ന അര പവനോളം തൂക്കം വരുന്ന സ്വര്‍ണ വളയാണ് മോഷ്ടിച്ചത്.

അശ്വതിയുടെ പരാതിയില്‍ വാടാനപ്പള്ളി പോലീസ് കേസെടുത്തു. അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിലെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 14 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരേ ബാലനീതി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. വാടാനപ്പള്ളി എസ്.എച്ച്.ഒ. ഷൈജു, എസ്.ഐമാരായ സുബിന്‍ പി. ജിമ്മി, വി. വിനീത്, ജി.എസ്.സി.പി.ഒമാരായ മഹേഷ്, റിഷാദ്, സൗമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال