ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി


കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഈ രണ്ട് കേസിലും ജാമ്യാക്ഷേ തള്ളുകയായിരുന്നു. ഗൂഢാലോചനയിൽ അടക്കം പ്രതിക്ക് പങ്കുണ്ടെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു മുരാരി ബാബുവിൻ്റെ വാദം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി മുരാരി ബാബു ചുമതലയേൽക്കും മുമ്പ് തന്നെ നടപടികൾ തുടങ്ങിയിരുന്നെന്നും പ്രതിഭാഗം വാദിച്ചു. 


അതേസമയം, പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെയാണ് അന്വേഷണ റിപ്പോർട്ട്. പ്രതി രക്ഷപ്പെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽ വകുപ്പിന്‍റെ നിർദ്ദേശം. അതുപ്രകാരമാണ് ഒരുകൈയിൽ പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിച്ചത്.

കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിച്ചു. എസ്ഐടി ഉദ്യോഗസ്ഥരുടെ സാനേനിധ്യമുണ്ടായിരുന്നുവെന്നും പൊലീസുകാർ വിശദീകരിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. എ ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു. സംഭവത്തില്‍ എആര്‍ കമാണ്ടൻ്റാണ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال