കോൺഗ്രസിനെ വീണ്ടും വട്ടം ചുറ്റിച്ച് മോദി സ്തുതിയുമായി ശശി തരൂർ. നരേന്ദ്ര മോദിയുടെ പ്രസംഗത്തെ എക്സ് പോസ്റ്റിലൂടെയാണ് ശശി തരൂർ പ്രശംസിച്ചത്. കോൺഗ്രസിനെ അടക്കം വിമർശിച്ച ‘ഗോയങ്ക പ്രസംഗ പരമ്പര’യിലെ മോദിയുടെ പ്രഭാഷണത്തെ അഭിനന്ദിച്ചാണ് തരൂർ എക്സിൽ കുറിച്ചത്. ദേശീയതയ്ക്കുള്ള മോദിയുടെ ആഹ്വാനം അഭിനന്ദനാർഹമെന്നും തരൂർ പോസ്റ്റിൽ കുറിച്ചു. തരൂരിനെ വേദിയിലിരുത്തി കൊണ്ട് തന്നെ പ്രധാനമന്ത്രി മോദി കോൺഗ്രസിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു.
മോദിയുടെ പ്രസംഗം ഒരു സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്നാണ് ശശി തരൂർ എഴുതിയത്. ദേശീയതക്കായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും അഭിനന്ദനം അർഹിക്കുന്നുവെന്നും തരൂർ കുറിച്ചു. ശശി തരൂരിന്റെ സാന്നിദ്ധ്യത്തിൽ വച്ച് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് എന്ന വിമർശനം മോദി പ്രസംഗത്തിൽ വീണ്ടും ഉയർത്തി കാണിച്ചിരുന്നു. എന്നാൽ തന്റെ പാർട്ടിക്കെതിരെയുള്ള വിമർശനങ്ങൾ വകവയ്ക്കാതെയാണ് തരൂർ മോദിയുടെ പ്രസംഗത്തെ പിന്തുണച്ചത്.
നേരത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതിസന്ധിയിലാക്കി ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘത്തെ നയിക്കാൻ മോദി സർക്കാർ തരൂരിനെ വിദേശത്തേക്ക് അയച്ചത് കോൺഗ്രസും തരൂരും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചിരുന്നു. പിന്നാലെ കോൺഗ്രസിലെ കുടുംബവാഴ്ചയെ വിമർശിച്ചും തരൂർ രംഗത്ത് വന്നിരുന്നു. ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെയാണ് താൻ എത്തിയതെന്നും തരൂർ പറയുന്നുണ്ട്.