തിരുവനന്തപുരം നെടുമങ്ങാട് അർബൻ സർവീസ് സഹകരണ ബാങ്ക് നിയമന തട്ടിപ്പിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്കിൽ 16 പേരെ അനധികൃത നിയമനം നടത്തിയെന്ന രജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് കേസ്. ഡിസിസി ജനറൽ സെക്രട്ടറിമാർ ആണ് മുഖ്യപ്രതികൾ. ഡിസിസി ജനറൽ സെക്രട്ടറിമാരായ തേക്കട അനിൽ, ആനാട് ജയൻ കല്ലയം സുകു എന്നിവരും പ്രതികളാകും. വ്യാജരേഖ ചമയ്ക്കൽ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരും പ്രതിപ്പട്ടികയിൽ ഉണ്ട്.
പുതുതായി നിയമിച്ച 16 പേരിൽനിന്നായി 2.65 കോടിയാണ് കോഴയായി സമാഹരിച്ചത്. ബൈലോയിലില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം. 200 പേജ് നോട്ടുബുക്കിലാണ് അന്യായമായി നിയമിച്ചവരുടെ ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്. ലക്ഷങ്ങൾ കൈപ്പറ്റിയിട്ടും നിയമനം കിട്ടാതെ വഞ്ചിതരായെന്ന് മനസ്സിലായ കണിയാപുരം സ്വദേശി അനൂപ്, കുറുന്താളി സ്വദേശി നിജിത്ത്, വട്ടപ്പാറ സ്വദേശി അനന്തു, കരകുളം സ്വദേശിനി നജീബാബീവി, വെന്പായം സ്വദേശിനികളായ എം എസ് കൃഷ്‌ണ, സിമി എസ് നായർ, വെഞ്ഞാറമൂട് സ്വദേശിനി ബി ആർ ചിത്ര, ആനാട് സ്വദേശി സജിത് എന്നിവരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തിയതോടെയാണ് കൊള്ള പുറത്തായത്.